ഷഡംഗം കഷായം Shadangam kashayam Benefits, Dose, Side Effects, Ingredients And Reference


ആയുര്‍വേദത്തിലെ ഒരു പ്രധാനപ്പെട്ട മരുന്നാണ് ഷഡംഗം കഷായം. ആറ് ഘടക മരുന്നുകളാണ് ഇതില്‍ ഉള്ളത്. അതിനാല്‍ ഷഡംഗം (ഷഡ്= ആറ്) എന്ന് പേര് സിദ്ധിച്ചു. കേരള ആയുര്‍വേദ പാരമ്പര്യത്തില്‍ വ്യപകമായി ഈ കഷായം ഉപയോഗിക്കുന്നു. പനിക്കാണ് (ജ്വരം) ഈ കഷായം പ്രധാനമായും നിര്‍ദ്ദേശിച്ചിരിക്കുന്നത്. യദാര്‍ത്ഥത്തില്‍ പാനീയമായി (ശീതകഷായമായി) ആണ് ഗ്രന്ധത്തില്‍ ഉപയോഗം പറയുന്നത് എന്നാല്‍ കേരളത്തില്‍ പണ്ടുമുതലേ കഷായമാക്കി ഉപയോഗിച്ചുവരുന്നു. 

ശ്ലോകം (reference)
ഘനചന്ദനശുണ്ഠ്യംബുപര്‍പ്പടോശീരസാധിതം
ശീതം തേഭ്യോ ഹിതം തോയം പാചനം തൃട് ജ്വരാപഹം.

ഘടക ദ്രവ്യങ്ങള്‍/ നിര്‍മ്മാണം (ingredients)
  1. മുത്തങ്ങാക്കിഴങ്ങ്
  2. ചന്ദനം
  3. ചുക്ക്
  4. ഇരുവേലി
  5. പര്‍പ്പടകപ്പുല്ല്
  6. രാമച്ചം
 ഉപയോഗം
ശീതകഷായമായി ഉണ്ടാക്കുമ്പോള്‍
ആറുപലം (ഒരു പലം=അന്‍പത് മില്ലി ലിറ്റര്‍) വെള്ളത്തില്‍ ഒരു പലം മരുന്ന് ഇടിച്ച് പൊടിച്ച് ഒരു രാത്രി മുഴുവനും ഇട്ടുവച്ചിരുന്ന് പിറ്റേ ദിവസം അരിച്ചെടുക്കുക. അതിന് ശീതകഷായം/ ഹിമകഷായം എന്ന് പറയുന്നു.

അളവ്- രണ്ട് പലം (നൂറ് എം.എല്‍) ഒരു ദിവസത്തേക്ക് അനുപാനം-ശര്‍ക്കര, പഞ്ചസാര, തേന്‍ മുതലായവ വൈദ്യനിര്‍ദ്ദേശമനുസരിച്ച് ചേര്‍ക്കാം.

കഷായം ഉണ്ടാക്കുമ്പോള്‍
 ഒരു പലം മരുന്ന് പതിനാറുപലം വെള്ളത്തില്‍ (ഇടങ്ങഴി=800ml) ഒരു മണ്‍ കുടത്തില്‍ ഇട്ട് അടുപ്പില്‍ വച്ച് ചെറുതീയെരിച്ച് എട്ടിലൊന്ന് (100ml) അക്കി പിഴിഞ്ഞരിച്ച് എടുക്കുക.

അളവ്
-രണ്ട് പലം കഷായം ഒരു ദിവസത്തേക്ക് യുക്തമായ അനുപാനങ്ങള്‍ വൈദ്യ നിര്‍ദ്ദേശം അുസരിച്ച് കഴിക്കുക.

കുപ്പികഷായം കടയില്‍ നിന്ന് വാങ്ങുമ്പോള്‍ അവ കട്ടിക്കഷായം (തിളപ്പിച്ച് വറ്റിച്ചത്) ആയതിനാലും പ്രിസര്‍വേറ്റീവ് ചേര്‍ത്തതായതിനാലും 15ml കഷായം എടുത്ത് അതില്‍ ഇരട്ടി വെള്ളം ചേര്‍ത്താണ് കഴിക്കേണ്ടത്.

ഫലങ്ങള്‍ (benefits)
പനിയില്‍ ആണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. പനിയില്‍ ആമ പാചനം എന്ന അവസ്ഥ ലഭിക്കാന്‍ ഉപയോഗിക്കുന്നു. ദാഹയുക്തമായ ജ്വരത്തില്‍ ദാഹം കുറക്കാന്‍ ഇത് പാനീയമായി (ശീതകഷായമായി) ഉപയോഗിക്കാം. പൊതുവെ പിത്ത പ്രധാനമായ രോഗാവസ്ഥകളില്‍ ഉപയോഗിക്കപ്പെടാറുണ്ട്.
 
പാര്‍ശ്വഫലങ്ങള്‍ ( side effects)
ഈ കഷായത്തിന് പൊതുവെ പാര്‍ശ്വഫലങ്ങള്‍ ഒന്നും കാണാറില്ല. വിഷദ്രവ്യങ്ങളോ ശോധന ആവശ്യമുള്ള മരുന്നുകളോ ഇതില്‍ ഇല്ല. വൈദ്യ നിര്‍ദ്ദേശാനുസരണം കഴിക്കുന്നത് ഉത്തമം.


No comments:

Post a Comment


Write A Review / Query About This Medicine

copy paste disabled